വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് 

By: 600002 On: Aug 29, 2023, 7:54 AM

 

 

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും യാത്രാച്ചെലവും മൂലം വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഈ ആശങ്കകള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് പല കമ്പനികളും. ഇപ്പോള്‍ ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകള്‍ യാത്രക്കാര്‍ക്കായി നല്‍കിക്കൊണ്ട് പുതിയ മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്. വിമാന ടിക്കറ്റുകള്‍ എപ്പോള്‍ ബുക്ക് ചെയ്യണമെന്നും അനുയോജ്യമായ സമയവും ഗൂഗിള്‍ ഫ്‌ളൈറ്റ്‌സിലെ പുതിയ ഫീച്ചര്‍ വ്യക്തമാക്കി തരും. 

ലോ കോസ്റ്റ് വിമാനങ്ങള്‍ കണ്ടെത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുക എന്നതാണ് സാധാരണയായി ഏതൊരു യാത്രക്കാരനും ചെയ്യുക. എന്നാല്‍ ഇപ്പോള്‍ ബുക്ക് ചെയ്യുന്നതാണോ, അതോ കുറഞ്ഞ നിരക്ക് വരുമ്പോള്‍ ബുക്ക് ചെയ്യുന്നതാണോ ഉചിതമെന്ന ചോദ്യം ഉയരും. ഇതിന് ഉത്തരം തരുന്നതാണ് പുതിയ ഒരു ഫീച്ചര്‍. ഫ്‌ളൈറ്റുകള്‍ക്കായി തിരയുമ്പോള്‍ തീയതികളും ലക്ഷ്യസ്ഥാനങ്ങളും അടിസ്ഥാനമാക്കിയുള്ള നിരക്കുകള്‍ സാധാരണയായി എപ്പോഴാണെന്ന് സൈറ്റ് കാണിക്കുന്നു. സാധാരണഗതിയില്‍ രണ്ട് മാസം മുമ്പേ നിരക്ക് കുറവാണോ അതോ യാത്രയ്ക്ക് അടുത്തുള്ള സമയങ്ങളിലാണോ നിരക്ക് കുറവെന്ന് സൈറ്റില്‍ നിന്നും മനസ്സിലാക്കാം. 

ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറയുകയാണെങ്കില്‍ ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷന്‍ ഇമെയില്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ഡെസ്റ്റിനേഷനിലേക്കുള്ള നിരക്കുകള്‍ ട്രാക്ക് ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. നിര്‍ദ്ദിഷ്ട തീയതികള്‍ക്കിടയില്‍ രണ്ട് നോട്ടിഫിക്കേഷന്‍ ഓപ്ഷനുകള്‍ ഈ ഫീച്ചറില്‍ ഉണ്ട്. 

പ്രൈസ് ഗ്യാരണ്ടി ഓപ്ഷനാണ് മൂന്നാമത്തേത്. യുഎസില്‍ നിന്നും പുറപ്പെടുന്ന തിരഞ്ഞെടുത്ത ബുക്കിംഗുകള്‍ക്കുള്ള പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി മാത്രമേ ഈ ഓപ്ഷന്‍ ലഭ്യമാവുകയുള്ളൂ.