കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയുടെ പുതിയ അസസ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സംഘടിത സൈബര്‍ കുറ്റകൃത്യങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും. റഷ്യയും ഇറാനും സൈബര്‍ കുറ്റവാളികളുടെ സുരക്ഷിത താവളമായി മാറിയെന്നും റഷ്യന്‍ ഇന്റലിജന്‍സ് അവരെ ശിക്ഷാനടപടികളില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയാണെന്നും സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മേധാവി സമി ഖൗറി പറഞ്ഞു.
ഇത് ദേശീയ ഭീഷണിയാണ്. കാരണം സൈബര്‍ കുറ്റകൃത്യങ്ങള്‍ സ്‌കൂളുകളെ, ആശുപത്രികളെ, പ്രധാന ഇന്‍ഫ്രാസ്ട്രക്ചറുകളെയൊക്കെ സാരമായി ബാധിക്കുന്നു. ഊര്‍ജ്ജ മേഖല മുതല്‍ നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല വരെ സൈബര്‍ കുറ്റവാളികള്‍ കീഴടക്കി വിവരങ്ങള്‍ ചോര്‍ത്തുന്നു.
രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് നടക്കുന്ന സൈബര്‍ ആക്രമണങ്ങളെന്ന് ഖൗരി പറയുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അതോറിറ്റികള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും ഖൗരി ഊന്നിപ്പറയുന്നു. കാനഡയിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതോറിറ്റികളുടെ സഹകരണം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.