കോവിഡ് കേസുകളുടെ വര്‍ധന: മൂന്ന് പുതിയ വാക്‌സിനുകള്‍ അവലോകനം ചെയ്ത് ഹെല്‍ത്ത് കാനഡ 

By: 600002 On: Aug 29, 2023, 6:48 AM

 

 

കോവിഡ് കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് മൂന്ന് പുതിയ വാക്‌സിനുകള്‍ ഹെല്‍ത്ത് കാനഡ അവലോകനം ചെയ്യുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിനെ ലക്ഷ്യം വെച്ചുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത  മൂന്ന് പുതിയ വാക്‌സിനുകളാണ് ഹെല്‍ത്ത് കാനഡ അവലോകനം ചെയ്യുന്നത്. ഫൈസര്‍(Pfizer),  മൊഡേണ(Moderna)  എന്നിവയില്‍ നിന്നുള്ള പുതിയ mRNA  വാക്‌സിനുകളും Novavax  ല്‍ നിന്നുള്ള ഒരു mRNA  ഇതര പ്രൊഡക്ടുമാണ് മാസങ്ങള്‍ നീണ്ട അവലോകനപ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫാള്‍ സീസണോടെ വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഹെല്‍ത്ത് കാനഡ മാധ്യമങ്ങളോട് പറഞ്ഞു. 

പുതിയ ഷോട്ടുകള്‍ക്ക് അധികൃതര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ അപ്‌ഡേറ്റ് ചെയ്ത കോവിഡ് ബൂസ്റ്റര്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്ക. പുതിയ വാക്‌സിനുകള്‍ ഇപ്പോള്‍ വ്യാപകമായ XBB.1.5 ഒമിക്രോണ്‍ സബ് വേരിയന്റിന്റെ പ്രതിരോധത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 

അധികൃതര്‍ വാക്‌സിനുകളുടെ ഉപയോഗത്തിന് അംഗീകാരം നല്‍കികഴിഞ്ഞാലുടന്‍ ഷോട്ടുകള്‍ വിതരണം ചെയ്യാന്‍ കമ്പനി തയാറാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബെര്‍ട്ട് ബൗര്‍ല പറഞ്ഞു. അതേസമയം, Novavax ന്റെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള XBB  കോവിഡ് വാക്‌സിന്‍ ഈ വര്‍ഷാവസാനം വരെ ലഭ്യമാകില്ലെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. mRNA  വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ സ്വീകരിക്കാന്‍ കഴിയാത്ത ആളുകള്‍ക്കുള്ള ഓപ്ഷനാണ് ഈ വാക്‌സിന്‍ ഷോട്ടെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.