കോള്‍ കാത്തിരിപ്പ് സമയം: ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ സിആര്‍എ 

By: 600002 On: Aug 28, 2023, 11:54 AM

 

കാനഡയിലെ ജനങ്ങള്‍ക്ക് നീണ്ട കോള്‍ കാത്തിരിപ്പ് മൂലം ക്ഷമ നശിക്കുന്ന വിഭാഗമായി മാറിയിരിക്കുകയാണ് കാനഡ റെവന്യു ഏജന്‍സി(CRA).  ഫോണില്‍ ഏജന്റുമായി സംസാരിക്കാനായി മണിക്കൂറോളമാണ് ആളുകള്‍ക്ക് ചില സമയങ്ങളില്‍ കാത്തിരിക്കേണ്ടി വരുന്നത്. ജൂലൈ അവസാനത്തോടെ സിആര്‍എയുടെ കോള്‍ സെന്ററുകളില്‍ 15 മിനിറ്റിനുള്ളില്‍ കോളറെ കണക്ട് ചെയ്യുക എന്ന ലക്ഷ്യത്തിലെത്തിയെന്ന് ഏജന്‍സി പറയുന്നു. 

ഈ വര്‍ഷം ഇതുവരെ ഫോണില്‍ ഏജന്റിനെ സമീപിക്കാനുള്ള ശരാശരി കാത്തിരിപ്പ് സമയം 24 മിനിറ്റാണ്. എന്നാല്‍ തങ്ങളുടെ നികുതി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും പരിഹാരത്തിനുമായി ഫോണില്‍ ഏജന്റിനെ ലഭിക്കാന്‍ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായി കാനഡയില്‍ ജനങ്ങള്‍ പരാതിപ്പെടുന്നു. 

ഇത് എല്ലാ വര്‍ഷവും തുടരുന്ന പ്രശ്‌നമാണെന്ന് ഓംബുഡ്‌സ്‌പേഴ്‌സണ്‍ ഫ്രാൻസോ ബോയിലോ പറയുന്നു. ആളുകള്‍ വിളിക്കുമ്പോള്‍ അവര്‍ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നു. തുടര്‍ന്ന് കോള്‍ ഡിസ്‌കണക്ട് ആകും. കോളുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായെന്ന് വന്നേക്കാം. ഇത് ആളുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.