കാനഡയില്‍ പുതിയ പാസ്‌പോര്‍ട്ടിനായുള്ള നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയ പൈലറ്റ് പ്രോഗ്രാം  

By: 600002 On: Aug 28, 2023, 11:21 AM

 

 

കാനഡയില്‍ പുതിയ പാസ്‌പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലും കാര്യക്ഷമമാക്കാനും പൈലറ്റ് പ്രോഗ്രാം അവതരിപ്പിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC).  പുതിയ പ്രോഗ്രാമിലൂടെ സിറ്റിസണ്‍ഷിപ്പ് പ്രോസസിംഗ് സമയത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ 100 സിറ്റിസണ്‍ഷിപ്പ് ഗ്രാന്റ് അപേക്ഷകരെ ക്ഷണിക്കും. സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലും കാര്യക്ഷമവുമാക്കുന്നു. പാസ്‌പോര്‍ട്ട് അപേക്ഷാ ഫോമിലെ വിവരങ്ങള്‍ ചേര്‍ക്കാന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷനിലെ വിവരങ്ങള്‍ മതിയാകുമെന്നതാണ് പ്രപോഗ്രാമിന്റെ സവിശേഷത. അപേക്ഷകള്‍ പ്രോസസ് ചെയ്ത് കഴിഞ്ഞാല്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ഇഎസ്ഡിസി) ഓഫീസുകളില്‍ നിന്ന് ഐആര്‍സിസി പാസ്‌പോര്‍ട്ടുകള്‍ പ്രിന്റ് ചെയ്യും. 

പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയ ലളിതമാക്കുന്ന പൈലറ്റ് പ്രോഗ്രാം ഭാവിയില്‍ സമഗ്രമായ മോഡലിന് വഴിയൊരുക്കുമെന്നാണ് ഐആര്‍സിസി പ്രതീക്ഷിക്കുന്നത്. 

ചില ഇന്‍വിറ്റേഷനുകള്‍ അര്‍ഹരായ കാന്‍ഡിഡേറ്റുകള്‍ക്ക് ഇ മെയില്‍ വഴി അയച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ചും, ആവശ്യമായ രേഖകളെക്കുറിച്ചും, അപേക്ഷ എവിടെയാണ് അയയ്ക്കുന്നത് എന്നതിനെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നു.