കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വര്‍ധന സമഗ്രമായ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു: ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ 

By: 600002 On: Aug 28, 2023, 10:38 AM

 

 

കാനഡയില്‍ പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഭവന പ്രതിസന്ധിക്കൊപ്പം സമഗ്രമായ ഇമിഗ്രേഷന്‍ സംവിധാനത്തിന്മേലുള്ള വിശ്വാസ്യതയെക്കൂടി ബാധിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. കാനഡയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്കായി ഇമിഗ്രേഷന്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് തന്റെ വകുപ്പിന്റെ ശ്രദ്ധയെന്നും മില്ലര്‍ പറഞ്ഞു. 

ഈ വര്‍ഷം ഏകദേശം 900,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇത് ഒരു പതിറ്റാണ്ട് മുമ്പ് കാനഡയില്‍ എത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിയമാനുസൃതം കാനഡയില്‍ എത്താന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നിരവധി ഇമിഗ്രേഷന്‍ ഏജന്‍സികളും ആളുകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.