ഈ സീസണില്‍ റെക്കോര്‍ഡ് കാട്ടുതീയാണ് കാനഡ നേരിട്ടുകൊണ്ടിരിക്കുന്നത്. കാട്ടുതീ രൂക്ഷമാകുന്നതോടെ ജനജീവിതവും രാജ്യത്തിന്റെ മൊത്തം സ്ഥിതിവിശേഷങ്ങള്‍ തകിടം മറിയുകയാണ്. കാട്ടുതീ രൂക്ഷമാകുന്നത് പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു മേഖലയാണ് ടൂറിസം മേഖല. പ്രവിശ്യകളിലും പ്രദേശങ്ങളിലും വ്യാപിക്കുന്ന കാട്ടുതീയെ തുടര്‍ന്ന് കാനഡ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ടൂറിസം മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതായി ടൂറിസം ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് കാനഡ(TIAC) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ ടൂറിസം കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടുന്ന കാനഡയുടെ പ്രശസ്തിയെ നശിപ്പിക്കുമെന്നും ടൂറിസം ഇന്‍ഡസ്ട്രി പറയുന്നു.
സ്പ്രിംഗ് സീസണില്‍ ഒന്റാരിയോ, ക്യുബെക്ക് എന്നിവടങ്ങളിലും ആഗസ്റ്റ് മാസത്തില്‍ ബ്രിട്ടീഷ് കൊളംബിയയിലും നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററികളിലും വ്യാപകമായ കാട്ടുതീയെതുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കോവിഡ് പാന്‍ഡെമികിന്റെ ആഘാതങ്ങളില്‍ നിന്നും മോചനം നേടുന്നതിനായി സമ്മര്‍സീസണില്‍ ടൂറിസത്തെ ആശ്രയിക്കുന്ന ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് കാട്ടുതീ മൂലമുള്ള നിയന്ത്രണങ്ങളെന്ന് TIAC പ്രസിഡന്റും സിഇഒയുമായ ബെര്‍ത്ത് പോട്ടര്‍ പറഞ്ഞു.
സാധാരണ രാജ്യത്ത് ഓഗസ്റ്റ് മാസത്തിലാണ് സന്ദര്‍ശകരുടെ തിരക്കേറുന്നത്. എന്നാല്‍ നാഷണല്‍, പ്രൊവിന്‍ഷ്യല്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാട്ടുതീ മൂലം അടച്ചതും അനുബന്ധ നിരോധനങ്ങളും ടൂറിസം മേഖലയെ സാരമായി ബാധിച്ചതായി ടൂറിസം മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പല ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരും കാട്ടുതീയുടെ ആഘാതങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.