കാനഡയില്‍ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമാക്കി സെക്‌സ്‌റ്റോര്‍ഷന്‍ വര്‍ധിക്കുന്നു: ഇരയാകുന്നത് കൂടുതലും ആണ്‍കുട്ടികള്‍

By: 600002 On: Aug 28, 2023, 8:21 AM

 


ഓണ്‍ലൈനിലൂടെ നഗ്ന ചിത്രങ്ങള്‍ കാണിച്ചും ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചും സെക്‌സ്റ്റോര്‍ഷന്‍ എന്നറിയപ്പെടുന്ന ലൈംഗികാതിക്രമങ്ങള്‍ കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 15 വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ളവരാണ് സാധാരണയായി ഓണ്‍ലൈനിലൂടെ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത്. എന്നാല്‍ സമീപകാലത്തെ ചില സംഭവങ്ങള്‍ കാണിക്കുന്നത് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ലൈംഗികാതിക്രമ ഭീഷണികള്‍ നേരിടുന്നുണ്ടെന്നാണെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍(C3P)  അസോസിയേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സിഗ്നി അര്‍നാസന്‍ പറയുന്നു. തങ്ങളുടെ കേസുകളില്‍ 20 ശതമാനവും 13 വയസും അതില്‍ താഴെയുമുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നവയാണ്. 

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കാനഡയുടെ ടിപ്പ്‌ലൈന്‍, Cybertrip.ca, ഇപ്പോള്‍ പ്രതിദിനം ശരാശരി 10 ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ കേസുകളില്‍ 91 ശതമാനവും ആണ്‍കുട്ടികളാണ്. 

ഓണ്‍ലൈനില്‍ അപരിചതരുമായി പെട്ടെന്ന് ഇടപഴകുന്നത് ആണ്‍കുട്ടികളാണ്. തട്ടിപ്പുകാര്‍ ഇവരെ തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈനില്‍ നഗ്ന ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുന്നു. സമ്മതിക്കാതെ വരുമ്പോള്‍ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു. നഗ്ന ചിത്രങ്ങള്‍ വെച്ച് ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്യുന്നു. 

കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും ഉപയോഗിക്കുന്ന കുട്ടികള്‍ അവര്‍ എന്താണ് കാണുന്നതെന്നും ഓണ്‍ലൈനില്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാന്‍ അവരെ ബോധവത്കരിക്കുകയും ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നു.