ജലനിരപ്പ് താഴ്ന്നു; പനാമ കനാലിൽ ചരക്ക് നീക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തും.

By: 600021 On: Aug 27, 2023, 4:46 PM

മഴക്കുറവിനാൽ ജലനിരപ്പ് താഴ്ന്ന പാനമ കനാലിൽ അടുത്ത ഒരു വര്‍ഷത്തേക്ക് ചരക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താൻ നീക്കം. വെള്ളം കുറഞ്ഞതിനാല്‍ ഒരു ദിവസം 32 ചരക്ക് കപ്പലുകള്‍ക്കേ കടന്നു പോകാന്‍ കഴിയുന്നുള്ളൂ. മറ്റ് കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിശദീകരണം. എല്‍ നിനോ പ്രതിഭാസമാണ് വരള്‍ച്ചയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ചരക്ക് നീക്കത്തിന് ശുദ്ധജലത്തെ ആശ്രയിക്കുന്ന പനാമ കനാലിലൂടെ കടന്നുപോകാന്‍ ഓരോ വെസലിനും 200 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് വേണ്ടി വരുന്നത്.ഗതാഗത തടസം വരുന്നതോടെ കപ്പല്‍ കമ്പനികള്‍ മറ്റ് പാതകള്‍ തേടുമോയെന്ന ആശങ്കയിലാണ് പാനമ കനാലിന്‍റെ നടത്തിപ്പുകാര്‍.കൂടാതെ കനത്ത ധന നഷ്ടവും കണക്കാക്കുന്നുണ്ട്. 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാൽ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന ജലപാതയാണ്.