ഇലക്ട്രിക് ഫാനുകളുടെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.

By: 600021 On: Aug 27, 2023, 3:29 PM

ഇലക്ട്രിക് ഫാനുകളുടെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഇതോടനുബന്ധിച്ച്, ഇലക്ട്രിക് സീലിങ് ടൈപ്പ് ഫാൻസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ, 2023 എന്ന പേരിലുള്ള സർക്കാർ ചട്ടപ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (BIS) മുദ്രയില്ലാത്ത വസ്തുക്കൾ ഉത്പാദിപ്പിക്കുകയോ വിൽക്കുകയോ വ്യാപാരം ചെയ്യുന്നതിനോ ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്നതിനോ വിലക്കേർപ്പെടുത്തി.ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി & ഇന്റേണൽ ട്രേഡ് (DPIIT) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ ആദ്യ കുറ്റത്തിന് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ പിഴയോ ചുമത്തും.രണ്ടാമത് കുറ്റം ആവർത്തിച്ചാൽ പിഴ ശിക്ഷ ചുരുങ്ങിയത് അഞ്ച് ലക്ഷമായി ഉയരും. പരമാവധി ശിക്ഷയായി ചരക്കുവസ്തുക്കളുടെ മൂല്യത്തിന്റെ പത്തിരട്ടി തുക വരെ ഈടാക്കാം. സൂക്ഷ്മ/ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എംഎസ്എംഇ വിഭാഗത്തിലുള്ള കമ്പനികൾക്ക് ഗുണനിലവാരമുള്ള വസ്തുക്കൾ ഉറപ്പാക്കുന്നതിന് 12 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം (QCO) മറ്റ് നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ഉപഭോക്താക്കളെയും നി‌‍ർമാതാക്കളെയും ഗുണനിലവാരത്തെ കുറിച്ച് ബോധവത്കരിക്കാനാണ് ശ്രമം.