ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ തസ്തിക സൃഷ്ടിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

By: 600021 On: Aug 27, 2023, 2:59 AM

ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഓഫ് ഇന്ത്യ (സി.ഐ.ഒ.) എന്ന തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രസർക്കാർ. ഇതോടെ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന്റെയും മേധാവിമാര്‍ സി.ഐ.ഒയോട് ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരിക. ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനോടും റിപ്പോര്‍ട്ട് ചെയ്യണം.ഇ.ഡിയുടെയും സി.ബി.ഐ യുടെയും അന്വേഷണമേഖലകള്‍ ഇടകലര്‍ന്നു കിടക്കുന്നതിനാലാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. 

2019 ലാണ് ചീഫ് ഓഫ് ഡിഫന്‍സ് തസ്തിക സൃഷ്ടിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാര്‍ സി.ഡി.എസിനോടാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സെക്രട്ടറിയുടെ സമാന റാങ്ക് ആയിരിക്കും ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറുടേത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും തലപ്പത്ത് സി.ഐ.ഒ. എത്തുന്നതോടെ രണ്ട് ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സഹകരണം ഉണ്ടായേക്കും. ഇ.ഡി. മേധാവി സ്ഥാനത്തു നിന്ന് വിരമിക്കുന്ന സഞ്ജയ് കുമാര്‍ മിശ്രയെയാണ് പ്രഥമ സി.ഐ.ഒ. സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നത്.