കാനഡയിലെ എറിത്രിയന്‍ കമ്മ്യൂണിറ്റി സംഘര്‍ഷഭരിതമാണ്. ഈ മാസം ആദ്യം എറിത്രിയന്‍ ഫെസ്റ്റിവല്‍ അക്രമാസക്തമാവുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന് പിന്നാലെയാണ് കമ്മ്യൂണിറ്റിയില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. ടൊറന്റോയില്‍ രണ്ട് സ്ഥലങ്ങളിലായി നടത്തിയ എറിത്രിയന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തവരും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എഡ്മന്റണില്‍ നടത്തിയ ഫെസ്റ്റിവലിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ക്കാണ് പരുക്കേറ്റത്. യുഎസ്, സ്വീഡന്‍, ജര്‍മ്മനി എന്നിവടങ്ങളിലെ എറിത്രിയന്‍ കമ്മ്യൂണിറ്റികളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് കാനഡയിലും എറിത്രിയന്‍ കമ്മ്യൂണിറ്റിയിലും സംഘര്‍ഷമുണ്ടായിരിക്കുന്നത്.
എറിത്രിയന്‍ സര്‍ക്കാരിനും നോര്‍ത്ത്ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ സ്ഥിതിഗതികള്‍ക്കുമെതിരെ എറിത്രിയന്‍ പ്രവാസികളുടെ വിഭാഗങ്ങള്‍ക്കിടയില്‍ രോഷവും എതിര്‍പ്പും വര്‍ധിച്ചുവരികയാണ്. എറിത്രിയന്‍ ഭരണാധികാരിയായ ഇസിയാസ് അഫേവേര്‍ക്കിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുടലെടുത്തത്. ഫെസ്റ്റിവല്‍ അഫ്‌വേര്‍ക്കിയെ വെള്ളപൂശാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതാണ് എറിത്രിയന്‍ ഫെസ്റ്റിവലിന് നേരെ തിരിയാനുണ്ടായ കാരണമെന്നാണ് പ്രാഥമിക വിവരം.