ജിടിഎയില്‍ വീട്ടുടമസ്ഥരെന്ന വ്യാജേന വീട് വില്‍പ്പന നടത്തി പണം തട്ടിയ നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

By: 600002 On: Aug 26, 2023, 12:26 PM

 

 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ക്കായി പീല്‍ റീജിയണല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാടകയ്ക്ക് വീടെടുക്കുകയും ശേഷം യഥാര്‍ത്ഥ വീട്ടുടമസ്ഥരെന്ന വ്യാജേന വീട് വില്‍ക്കാന്‍ ശ്രമിക്കുകയും രണ്ടാമത്തെ മോര്‍ട്ട്‌ഗേജ് എടുക്കുകയും ചെയ്ത നാല് പേരെയാണ് പോലീസ് തിരയുന്നത്. ഇതില്‍ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്യുക് തായ് ലു(58), കെയ്ത്ത് എഡ്മന്റ്‌സണ്‍(34) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റ് രണ്ട് പേരുടെ പേരുകള്‍ വ്യക്തമല്ല. 

2022 ജൂണിനും ഒക്ടോബറിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജിടിഎയില്‍ ഒന്നിലധികം വസ്തുവകകള്‍ വാടകയ്‌ക്കെടുക്കുകയും ഇവ തങ്ങളുടെ വീടാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. തട്ടിപ്പ് നടത്തി പണം വ്യാജ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. വസ്തു വിറ്റയാള് സ്ഥലത്തെത്തുമ്പോളാണ് താന്‍ പറ്റിക്കപ്പെട്ടതായി തിരിച്ചറിയുന്നതെന്നും പോലീസ് പറഞ്ഞു. തട്ടിപ്പുകളില്‍ ഇരകള്‍ക്ക് ഏകദേശം 700,000 ഡോളര്‍ വീതം നഷ്ടമായി.  

പ്രതികളില്‍ മൂന്ന് പേര്‍ ഏഷ്യന്‍ വംശജരാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യര്‍ത്ഥിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ (905) 453-3311 എന്ന നമ്പറില്‍ ഫ്രോഡ് ബ്യൂറോയുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.