കാനഡയിലുടനീളം കാട്ടുതീ വിനാശകരമായി വ്യാപിക്കുന്നത് കാനഡയിലെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ബീസിയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയുടെ നിലവിലെ സ്ഥിതിയറിയാനും പ്രാദേശിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനുമായി സെന്‍ട്രല്‍ ഒകനാഗന്‍ റീജിയന്‍ സന്ദര്‍ശിച്ച വേളയിലാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കാണുന്നത്. ഇത് ആളുകള്‍ക്ക്, അര്‍ഹതയുള്ളവര്‍ക്ക് പോലും ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാട്ടുതീ അപകടസാധ്യത വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ഇന്‍ഷുറന്‍സ് എക്‌സ്‌പേര്‍ട്ടുകള്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന വരുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രീമിയങ്ങള്‍ അഞ്ച് മുതല്‍ 15 ശതമാനം വരെ ഉയരണമെന്നാണ് താന്‍ കണക്കാക്കിയതെന്ന് ഐബിസിയുടെ ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് ഫെഡറല്‍ ഇഷ്യൂസ് വിഭാഗം വൈസ്പ്രസിഡന്റ് ക്രെയ്ഗ് സ്റ്റുവര്‍ട്ട് പറഞ്ഞു. കനേഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 2018 മുതല്‍ ഓരോ വര്‍ഷവും ഏകദേശം 2 ബില്യണ്‍ ഡോളര്‍ ക്ലെയിമുകളുണ്ടായിട്ടുണ്ടെന്ന് സ്റ്റുവര്‍ട്ട് പറയുന്നു.
നൂറുകണക്കിന് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ബീസിയിലും നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസിലുമുള്ള പതിനായിരക്കണക്കിന് ആളുകളെ തങ്ങളുടെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായി. കാനഡയിലുടനീളം ഈ വര്‍ഷം ഇതുവരെ 5,800 ഓളം തീപിടുത്തങ്ങളില്‍ 15 മില്യണ്‍ ഹെക്ടറിലധികം ഭൂമിയാണ് കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.