സോഡിയം നൈട്രേറ്റുമായി ബന്ധപ്പെട്ട യുകെയിലെ 88 മരണങ്ങള്‍: കനേഡിയന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് പോലീസ് 

By: 600002 On: Aug 26, 2023, 10:41 AM

 

 

യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 88 പേരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് സോഡിയം നൈട്രേറ്റ് പോലുള്ള മാരകമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരാണ് മരിച്ചവര്‍. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി ഈ വര്‍ഷം ആദ്യം കാനഡയില്‍ വെച്ച് കെന്നത്ത് ലോ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് കനേഡിയന്‍ വെബ്‌സൈറ്റുകളിലെത്തി നില്‍ക്കുന്നത്. 

ടൊറന്റോയില്‍ താമസിക്കുന്ന ലോ, സോഡിയം നൈട്രേറ്റ് വില്‍ക്കുന്നതിനായി വെബ്‌സൈറ്റുകളുടെ ഒരു പരമ്പര തന്നെ ഉപയോഗിച്ചിരുന്നു. ആളുകള്‍ കൂടുതലായി ഇത് വാങ്ങാന്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് കനേഡിയന്‍ പോലീസ് പറയുന്നു. 40 ല്‍ അധികം രാജ്യങ്ങളിലേക്ക് കുറഞ്ഞത് 1,200 പാക്കേജുകളെങ്കിലും ലോ അയച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അമേരിക്ക, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലും അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏപ്രില്‍ വരെ രണ്ട് വര്‍ഷത്തിനിടെ യുകെയില്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ 232 പേരെ തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി വ്യക്തമാക്കി. ഇതില്‍ 88 പേരാണ് മരണമടഞ്ഞത്.