18 വര്‍ഷമായി സംസാര ശേഷിയില്ലാതെ തളര്‍ന്നുകിടന്ന റെജൈന സ്വദേശിനി ഡിജിറ്റല്‍ അവതാറിലൂടെ സംസാരിച്ചു 

By: 600002 On: Aug 26, 2023, 9:27 AM


പക്ഷാഘാതം ബാധിച്ച് 18 വര്‍ഷമായി സംസാരശേഷി നഷ്ടമായി തളര്‍ന്നുകിടക്കുകയായിരുന്ന റെജൈന സ്വദേശിനി ഡിജിറ്റല്‍ അവതാറിലൂടെ സംസാരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെയാണ് നാല്‍പ്പത്തിയേഴുകാരിയായ ആന്‍ ജോണ്‍സണ്‍ എന്ന സ്ത്രീ സംസാരിച്ചത്. ബ്രെയ്ന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ്(ബിസിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി മസ്തിഷ്‌കതരംഗങ്ങള്‍ വിശകലനം ചെയ്താണ് നിര്‍മിതബുദ്ധി സംവിധാനമായ ഡിജിറ്റല്‍ അവതാറിന് ആനിന്റെ സംസാരവും മുഖഭാവങ്ങളും പകര്‍ത്താന്‍ കഴിഞ്ഞത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോയിലെ(യുസിഎസ്എഫ്) ഗവേഷകരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.  മസ്തിഷ്‌കാഘാതം പോലുള്ള അസുഖം മൂലം സംസാരശേഷി നഷ്ടമായ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്  ഈ ഗവേഷണ വിജയം. 

തലച്ചോറിന്റെ പ്രതലത്തില്‍ സ്ഥാപിക്കുന്ന ഇലക്ട്രോഡുകള്‍ വഴി തരംഗങ്ങള്‍ നേരിട്ട് സ്വീകരിച്ചാണ് ഡിജിറ്റല്‍ അവതാര്‍ സംസാരിക്കുന്നത്. ഒപ്പം പുഞ്ചിരി, ആശ്ചര്യം, നീരസം പോലുള്ള മുഖഭാവങ്ങളും പ്രകടിപ്പിക്കും. 

ആനിന്റെ തലച്ചോറിലെ സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് കടലാസ് പോലെ നേര്‍ത്ത 253 ഇലക്ട്രോഡുകളാണ് സ്ഥാപിച്ചത്. 34 ഇനം സ്വരങ്ങളും ചാറ്റ് ജിപിടി ഭാഷാ മാതൃകയും ആശ്രയിച്ചാണ് ഡിജിറ്റല്‍ അവതാര്‍ സംസാരിക്കുക. മസ്തിഷ്‌ക സിഗ്നലുകള്‍ ഡീകോഡ് ചെയ്യാനും അവയെ വാക്കുകളാക്കി മാറ്റാനും പുതിയ സാങ്കേതികവിദ്യയിലൂടെ കഴിഞ്ഞു. ഗവേഷണം സംബന്ധിച്ച് യുസിഎസ്എഫ് വെബ്‌സൈറ്റില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.