കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പാര്‍പ്പിട പ്രതിസന്ധിയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ടൊറന്റോയില്‍ താമസിക്കുന്ന ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥി. സ്‌കാര്‍ബറോ ബംഗ്ലാവില്‍ മാസങ്ങളായി തിരക്കേറിയതും അസുഖകരവുമായ ജീവിത സാഹചര്യമാണ് നേരിടുന്നതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ആശിഷ് ശര്‍മ്മ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ, ചെറിയ അടുക്കളയും, ചെറിയ ബെഡ്‌റൂമുമുള്ള ഒരു ബേസ്‌മെന്റിലാണ് 25കാരനായ വിദ്യാര്‍ത്ഥി താമസിക്കുന്നത്.
വിവിധ കാലങ്ങളിലായി നിരവധി ആളുകളാണ് ഈ ബേസ്‌മെന്റില്‍ താമസിച്ചിട്ടുള്ളത്. മുകളിലെ നിലകളില്‍ നിലവില്‍ നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നും ശര്‍മ പറയുന്നു. ബേസ്‌മെന്റില്‍ ആകെ അഞ്ച് മുറികളാണുള്ളത്. ചുവരുകള്‍ നന്നായി ഇന്‍സുലേറ്റ് ചെയ്തിട്ടില്ല. മറ്റൊരു വാടകക്കാരന് സമീപമാണ് താന്‍ കിടന്നുറങ്ങുന്നതെന്നും ശര്‍മ പറയുന്നു. വളരെ മോശം സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഇപ്പോള്‍ മോശം താമസ സൗകര്യം സംബന്ധിച്ച് സിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു.
ഈ വീട്ടിലെ 15 പേരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ടൊറന്റോ സിറ്റി അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി വ്യക്തമാക്കി.
അതേസമയം, പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മോശം താമസ സൗകര്യങ്ങളും സംബന്ധിച്ച് അറിഞ്ഞപ്പോള്‍ തങ്ങള്‍ അസ്വസ്ഥരായെന്ന് ജോര്‍ജ് ബ്രൗണ്‍ കോളേജ് സ്റ്റുഡന്റ് സക്‌സസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രതികരിച്ചു. വിദ്യാര്‍ത്ഥിയെ നേരിട്ട് കണ്ട് വിവരങ്ങള്‍ തിരക്കുമെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.