വാഗ്നർ സൈനിക മേധാവി വിമാനാപകടത്തിൽ മരിച്ചു; മരണത്തിൽ ദുരൂഹത

By: 600021 On: Aug 25, 2023, 7:39 AM

മോസ്കോയിൽനിന്ന് സെയ്ന്റ് പീറ്റേഴ്സ്‌ബർഗിലേക്ക് പോകുകയായിരുന്ന വിമാനം കുഷൻകിനോ ഗ്രാമത്തിനു സമീപം തകർന്നു വീണ് റഷ്യയുടെ വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്‌ഗെനി പ്രിഗോഷ് മരിച്ചു. വാഗ്നർ സഹസ്ഥാപകൻ ദിമിത്രി ഉത്‌കിൻ ഉൾപ്പെടെ 10 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.28,000 അടി ഉയരത്തിൽ നിന്നും 8000 അടിയോളം താഴ്ചയിലേക്ക് പതിച്ച വിമാനത്തിന് പക്ഷേ സാങ്കേതികമായി തകരാറുകളൊന്നുമില്ലായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് വാഗ്നർ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോൺ രംഗത്തെത്തി.യുക്രൈൻ യുദ്ധത്തിൽ ബഹ്‌മുതിലടക്കം റഷ്യക്കുവേണ്ടി മുൻനിരയിൽനിന്ന് പോരാടിയത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിൻ്റെ നേതൃത്വത്തിലുള്ള വാഗ്നർ കൂലിപ്പട്ടാളമായിരുന്നു.യുദ്ധത്തിൽ വാഗ്നറിന് ആൾനാശമടക്കം വലിയ തിരിച്ചടി നേരിട്ടതോടെ യുദ്ധമുഖത്ത് പോരാടാൻ വേണ്ടത്ര വെടിക്കോപ്പുകളും ആയുധങ്ങളും നൽകാതെ പട്ടാളക്കാരെ മരിക്കാൻ വിടുകയാണെന്നാരോപിച്ച് പ്രിഗോഷിൻ റഷ്യൻ സൈനികനേതൃത്വത്തിനെതിരായി. ജൂൺ 27-ന് റഷ്യൻ സൈനികനേതൃത്വത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വാഗ്നർ സൈന്യം റഷ്യയിലേക്കു നീങ്ങിയതോടെ പ്രിഗോഷിൻ റഷ്യൻഭരണകൂടത്തിന്റെ കണ്ണിലെ കരടാകുകയായിരുന്നു.