ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി. 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങി 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ട്രംപ് കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറ്റ്‌ലാന്റയിലെ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ എത്തിയാണ് ട്രംപ് കീഴടങ്ങിയത്. കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇത് നാലാം തവണയാണ് ട്രംപ് അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത്. അറസ്റ്റിന് പിന്നാലെ നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ ഫോട്ടോ(mug shot) പോലീസ് എടുക്കുകയും ചെയ്തു.
നീതി പരിഹസിക്കപ്പെടുകയാണ് ഇവിടെ, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൃത്രിമമായ ഒരു തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു അറ്റ്‌ലാന്റയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളില്‍ ട്രംപ് കുറിച്ചത്.