തീപിടിക്കാന്‍ സാധ്യത: കാനഡയില്‍ 68,000 പോര്‍ട്ടബിള്‍ ഗാരേജ് ഹീറ്ററുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Aug 25, 2023, 6:26 AM

 


അമിതമായി ചൂടാകുകയും ചില സന്ദര്‍ഭങ്ങളില്‍ തീ പടരുകയും ചെയ്യുമെന്ന കാരണത്താല്‍ കാനഡയില്‍ 68,000 ഗാരേജ് ഹീറ്ററുകള്‍ തിരിച്ചുവിളിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. കനേഡിയന്‍ ടയര്‍, മറ്റ് റീട്ടെയ്‌ലര്‍മാര്‍ എന്നിവര്‍ വിറ്റഴിച്ച ഗാരേജ് ഹീറ്ററുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. നീലയും ചുവപ്പും നിറങ്ങളിലുള്ള മാസ്റ്റര്‍ ക്രാഫ്റ്റ്, പ്രൊഫ്യൂഷന്‍ ഹീറ്റ്, പ്രസ്റ്റീജ്, മാട്രിക്‌സ് പോര്‍ട്ടബിള്‍ ഗാരേജ് ഹീറ്ററുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും ഉപഭോക്താക്കള്‍ വാങ്ങിയ സ്ഥലത്ത് ഇവ തിരികെ നല്‍കണമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഹീറ്ററുകളുടെ പിന്‍ഭാഗത്ത് ഇന്റര്‍ടെക് ഫയല്‍ നമ്പര്‍ 3153457 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 17 വരെ തിരിച്ചുവിളിട്ട ഉല്‍പ്പന്നങ്ങള്‍ അമിതമായി ചൂടാകുന്നതായി 10 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഹീറ്ററിന് തീപിടിക്കുകയും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.