മണ്ണിടിച്ചിൽ തുടരുന്ന കുളു മേഖലയിൽ കൂറ്റൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞു

By: 600021 On: Aug 25, 2023, 3:33 AM

ഹിമാചൽ പ്രദേശിലെ കുളു മേഖലയിൽ അന്നി ടൗൺ ബസ്സ് സ്റ്റാൻഡിന് സമീപം വൻ മണ്ണിടിച്ചിൽ. നിരവധി ബഹുനില കെട്ടിടങ്ങൾ ഒന്നിന് പിറകെ ഒന്നായി തകർന്നു വീണു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൻ അപകടം. കെട്ടിടങ്ങള്‍ തകര്‍ന്ന് മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചതോടെ നിരവധി പേർ കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.എൻ.ഡി.ആർ.എഫിന്റെയും പോലീസിന്റെയും നേതൃത്വതിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഷിംല, മാണ്ഡി, കുളു, ചാംപ എന്നീ ജില്ലകളിൽ റെഡ് അലർട്ടും മറ്റ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ജൂൺ മുതൽ ആരംഭിച്ച മഴയിൽ 600-ലധികം റോഡുകൾ തകർന്നത് ഉൾപ്പെടെ ആകെ 8,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കുളുവിൽ കൂറ്റൻ കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു സ്ഥിരീകരിച്ചു.