ക്യുബെക്കില്‍ പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി 8,000 ത്തിലധികം അധ്യാപകരുടെ കുറവ് നേരിടുന്നതായി വിദ്യാഭ്യാസ മന്ത്രി 

By: 600002 On: Aug 24, 2023, 1:50 PM

 


ക്യുബെക്കില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അധ്യാപകരുടെ കുറവ് വിദ്യാഭ്യാസ രംഗത്തിന് വെല്ലുവിളിയാകുന്നു. സ്‌കൂളുകളില്‍ പഠനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 8558 അധ്യാപക തസ്തികകള്‍ നികത്താനുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ബെര്‍ണാഡ് ഡ്രെയിന്‍വില്ലെ. ദേശീയ അസംബ്ലിയിലാണ് ഡ്രെയിന്‍വില്ലെ ഇക്കാര്യം അറിയിച്ചത്. പ്രവിശ്യയിലെ വിദ്യാഭ്യാസ ശൃംഖലയില്‍ 1,859 ഫുള്‍-ടൈം ടീച്ചര്‍മാരുടെയും 6,699 പാര്‍ട്ട്-ടൈം അധ്യാപകരുടെയും ഒഴിവുകളാണ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. 

തൊഴിലാളി ക്ഷാമം പ്രവിശ്യയ്ക്ക് മുന്നിലുള്ള വലിയൊരു പ്രതിസന്ധിയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് മാജിക് സൊല്യൂഷന്‍ ഇല്ല. എന്നാല്‍ അത്യാവശ്യമായി പരിഹരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അധ്യാപകരുടെ അഭാവം മൂലം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ക്ലാസ്മുറികളിലേക്ക് യോഗ്യരല്ലാത്തവരെ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. എന്നാല്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത ആഴ്ചയോടെ ആവശ്യമുള്ളയിടത്ത് ക്ലാസ്‌റൂമില്‍ ടീച്ചിംഗ് ഡിഗ്രിയില്ലാത്ത ഒരാളെ നിര്‍ത്താന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഡ്രെയിന്‍വില്ലെ അറിയിച്ചു.