ക്യുബെക്കിലെ എലിമെന്ററി, ഹൈസ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ മൊബൈല്‍ഫോണ്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രി ബര്‍ണാഡ് ഡ്രെയിന്‍വില്ലെ അറിയിച്ചു. ഈ വിഷയം ക്യാബിനറ്റിന് മുമ്പാകെ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കിയാല്‍ സ്‌കൂളുകളിലേക്ക് ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കും. ഇതനുസരിച്ച് സ്‌കൂളുകള്‍ ചട്ടം നടപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഈ നിര്‍ദ്ദേശം പബ്ലിക് എലിമെന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ബാധകമാവുക. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകര്‍ക്ക് മൊബൈല്‍ഫോണ്‍ ക്ലാസ് റൂമുകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും ഡ്രെയിന്‍വില്ലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.