ഒന്റാരിയോയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിപ്പ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ശബ്ദം എഐ ഉപയോഗിച്ച് അനുകരിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പില്‍ ഒന്റാരിയോ സ്വദേശിക്ക് നഷ്ടമായത് 8,000 ഡോളറാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ സുഹൃത്തിന്റെ അതേ ശബ്ദത്തിലായിരുന്നു കോളെന്ന് തട്ടിപ്പിനിരയായ ആള്‍ പറയുന്നു. ഡ്രൈവിംഗിനിടെ അപകടമുണ്ടായെന്നും തന്നെ അറസ്റ്റ് ചെയ്‌തെന്നും ജാമ്യത്തിലിറങ്ങാന്‍ ഏകദേശം 8000 ഡോളര്‍ വേണമെന്നുമായിരുന്നു കോളില്‍ ആവശ്യപ്പെട്ടത്. പിന്നീട് സുഹൃത്തിന്റെ അഭിഭാഷകനാണെന്നും പറഞ്ഞ് മറ്റൊരു കോള്‍ വന്നു. പിന്നെ കോളുകളുടെ പരമ്പരയായിരുന്നു. ഒടുവില്‍ ജാമ്യത്തുകയായി 8,000 ഡോളര്‍ കൈമാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് താന്‍ തട്ടിപ്പിനിരയായത് തിരിച്ചറിയുന്നതെന്ന് ഇര പറയുന്നു.
സമീപകാലങ്ങളിലായി കാനഡയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വോയിസ് ക്ലോണിംഗ് നടത്തിയുള്ള തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.