കാനഡയിലുടനീളം കോവിഡ് കേസുകള്‍ ഉയരുന്നു; ഹോസ്പിറ്റലൈസേഷനുകളും വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Aug 24, 2023, 10:25 AM

 

 

കാനഡയിലുടനീളം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് പുതിയ തരംഗം തുടങ്ങുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഓഗസ്റ്റ് വരെ സാവധാനത്തില്‍ കേസുകള്‍ കുറഞ്ഞതിന് ശേഷമാണ് രോഗബാധ കൂടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും മുന്‍പുണ്ടായതിനേക്കാള്‍ വ്യത്യസ്തമായ തരംഗമായിരിക്കും ഇത്തവണത്തേതെന്ന് പ്രതീക്ഷിക്കുന്നതായി സാംക്രമികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓഗസ്റ്റ് 15 ന് കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് ചില സീസണല്‍ ഘടകങ്ങളും കാരണമായേക്കാമെന്ന് പകര്‍ച്ചവ്യാധി വിദ്ഗധന്‍ ഡോ. ഐസക് ബോഗോച്ച് പറയുന്നു. സ്പ്രിംഗ് സീസണ്‍ മുതല്‍ കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോസ്പിറ്റലൈസേഷന്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ തരംഗം ആരോഗ്യപരിപാലന സംവിധാനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്ന് ബോഗോച്ച് പറഞ്ഞു.