കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷം: ഇന്റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റുകളുടെ പരിധി കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഹൗസിംഗ് മിനിസ്റ്റര്‍

By: 600002 On: Aug 24, 2023, 9:29 AM

 


കാനഡയിലെ ഭവന വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍. പ്രശ്‌നപരിഹാരത്തിന് സമീപ വര്‍ഷങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസകള്‍ക്ക് പരിധി നിശ്ചയിക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള വര്‍ധനവ് ചില ഭവന വിപണികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യത്തെക്കുറിച്ച് ചിന്തിക്കാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസിന്റെ വലിയ തുകകള്‍ മുതലെടുക്കുന്ന സത്യസന്ധമല്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കാനഡ കര്‍ശന നടപടിയെടുക്കുമെന്നും ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു. ഷാര്‍ലറ്റ്ടൗണില്‍ മൂന്ന് ദിവസമായി നടന്ന ലിബറല്‍ കാബിനറ്റ് റിട്രീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഇടം കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്താന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ഫ്രേസര്‍ അറിയിച്ചു.  

ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ 807,000 ഇന്റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റുകളാണ് രാജ്യം അനുവദിച്ചത്. പ്രതിവര്‍ഷം സ്റ്റഡി പെര്‍മിറ്റുകള്‍ വര്‍ധിക്കുന്നത് ഭവന പ്രതിസന്ധി നിലവിലുള്ളതിനേക്കാള്‍ രൂക്ഷമാകുമെന്ന് ഫ്രേസര്‍ പറഞ്ഞു.