ആദ്യ സൗര ദൗത്യം ആദിത്യ എൽ-1 സെപ്റ്റംബർ ആദ്യ വാരമെന്ന് ഐഎസ്ആർഒ മേധാവി

By: 600021 On: Aug 23, 2023, 7:58 PM

സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യ വാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്.ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന പേടകത്തിൻ്റെ വിക്ഷേപണ ദൗത്യം ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് പിന്നാലെയാണ് സൗര ദൗത്യത്തിൻ്റെ പ്രഖ്യാപനം. ഐഎസ്ആര്‍ഒ രൂപീകരണം കൊണ്ടിട്ട് 54 വര്‍ഷം പിന്നിട്ട വേളയിലാണ് ഈ ചരിത്രനേട്ടമെന്നതും പ്രത്യേകതയാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനെ തൊട്ട നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 1962 ൽ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐഎന്‍സിഒഎസ്പിഎആര്‍) എന്ന പേരിൽ കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിൽ രൂപം കൊണ്ട ഐഎസ്ആര്‍ഒ 1969-ഓഗസ്റ്റ് 15-നാണ് ഐഎസ്ആര്‍ഒ എന്ന പേരിലേക്ക് മാറിയത്.