ഒന്റാരിയോ ഫാമില്‍ ജോലി ചെയ്തിരുന്ന ജമൈക്കന്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു 

By: 600002 On: Aug 23, 2023, 12:23 PM

 

 

ജോലിസ്ഥലത്തെ അവസ്ഥയില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തെ പണിമുടക്ക് നടത്തിയതിന് പിന്നാലെ ഒന്റാരിയോയിലെ ഫാമില്‍ ജോലി ചെയ്തിരുന്ന അഞ്ചോളം ജമൈക്കന്‍ കുടിയേറ്റ തൊഴിലാളികളെ കരാര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് കരീബിയയിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. തൊഴിലാളികളെ തിരിച്ചയച്ചതിന്റെ സാഹചര്യങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ അവലോകനം ചെയ്യുകയാണെന്ന് വക്താവ് അറിയിച്ചു. സ്പ്രിംഗ് സീസണിലാണ് തൊഴിലാളികള്‍ കാനഡയിലെത്തുന്നത്. ഫാള്‍ സീസണ്‍ വരെ അവര്‍ സൗത്ത്‌വെസ്റ്റേണ്‍ ഒന്റാരിയോയിലെ പ്രൊഡ്യൂസ് ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 8 ന് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

ടെംപററി ഫോറിന്‍ വര്‍ക്കേഴ്‌സിനോട് മോശമായി പെരുമാറുക, അവരെ ദുരുപയോഗം ചെയ്യുക എന്നീ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും അത് വെച്ചുപൊറുപ്പിക്കില്ലെന്നും ഫെഡറല്‍ സര്‍ക്കാര്‍ വക്താവ് സാമുവല്‍ കാര്‍ബോണോ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു. 

അതേസമയം, അഞ്ച് തൊഴിലാളികളില്‍ നാല് പേരെ സന്ദര്‍ശിച്ചതായി ജമൈക്കന്‍ ലേബര്‍ മിനിസ്റ്റര്‍ പേണല്‍ ചാള്‍സ് പറഞ്ഞു. അവരെ നേരത്തെ തിരിച്ചയച്ചതിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയാണ്. തൊഴിലാളികളെ വീട്ടിലേക്ക് അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ അവസാനിപ്പിക്കാതെ തൊഴിലാളികളെ തിരിച്ചയച്ച നടപടി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.