വാഹനാപകടം: ഒന്റാരിയോ സ്വദേശിനിയുടെ ജീവന്‍ രക്ഷിച്ചത് ഐഫോണ്‍ ഫീച്ചര്‍ 

By: 600002 On: Aug 23, 2023, 11:52 AM

 


മരണത്തെ മുഖാമുഖം കണ്ട ഒന്റാരിയോ സ്വദേശിനി ഹന്ന റാള്‍ഫിനെ(21) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഒരു സെല്‍ഫോണ്‍ ഫീച്ചറാണ്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട റാല്‍ഫ് സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 5ന് ഹാമില്‍ട്ടണിലെ ഓവന്‍ സൗണ്ടിനും ഷെല്‍ബേണിനും ഇടയിലുള്ള ചെറിയ കമ്മ്യൂണിറ്റിയായ ഫ്‌ളെഷെര്‍ട്ടണിനടുത്തുള്ള ഗ്രാമപ്രദേശത്ത് വെച്ചാണ് റാല്‍ഫ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. അപകടം നടന്നയുടന്‍ റാല്‍ഫിന്റെ കൈവശമുള്ള ഐഫോണിലെ ക്രാഷ് ഡിറ്റക്ഷന്‍ സിസ്റ്റമാണ് തങ്ങളെ അപകടവിവരം അറിയിച്ചതെന്ന് റാല്‍ഫിന്റെ കുടുംബം പറയുന്നു. തക്കസമയത്ത് അപകടവിവരമറിഞ്ഞതിനാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും റാല്‍ഫിനെ രക്ഷിക്കാനും കഴിഞ്ഞുവെന്ന് രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 
ഫോണിലെ ഫീച്ചര്‍ ഇല്ലായിരുന്നുവെങ്കില്‍ റാല്‍ഫിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.  

ഐഫോണിന്റെ പുതിയ മോഡല്‍ ഫോണിലാണ് ക്രാഷ് ഡിറ്റക്ഷന്‍ സിസ്റ്റം ഫീച്ചര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ എമര്‍ജന്‍സി കോണ്ടാക്ട് ഉള്‍പ്പെടുത്തിയാല്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ എമര്‍ജന്‍സി കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകള്‍ക്ക് സന്ദേശമെത്തും. ഏത് സമയത്തും ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഫീച്ചറാണിതെന്ന് റാല്‍ഫിന്റെ കുടുംബം അഭിപ്രായപ്പെട്ടു.