വയോജനങ്ങളെ ലക്ഷ്യമിട്ട് ഫര്‍ണസ് ഇന്‍സ്‌പെക്ഷന്‍ സ്‌കാം: മുന്നറിയിപ്പുമായി കാല്‍ഗറി പോലീസ് സര്‍വീസ്

By: 600002 On: Aug 23, 2023, 11:14 AM

 


വൃദ്ധരെ ലക്ഷ്യം വെച്ച് കാല്‍ഗറിയില്‍ ഫര്‍ണസ് ഇന്‍സ്‌പെക്ഷന്‍ സ്‌കാം വര്‍ധിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 10 നും 20 നും ഇടയില്‍ മാത്രം 10 ഓളം തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കാല്‍ഗറി പോലീസ് സര്‍വീസ് അറിയിച്ചു.  അപരിചിതനായൊരാള്‍ ഫര്‍ണസ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നുവെന്ന വ്യാജേന മധ്യവയസ്‌കരും വൃദ്ധരും താമസിക്കുന്ന വീടുകളില്‍ എത്തുന്നു. ഇവര്‍ വൃദ്ധരെ തെറ്റിദ്ധരിപ്പിച്ച് ഫര്‍ണസ് പരിശോധിക്കാനായി വീടുകളില്‍ പ്രവേശിക്കുന്നു. ഫര്‍ണസുകളില്‍ എന്തെങ്കിലും കേടിപാടുകളുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടി വരുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. 

തട്ടിപ്പാണെന്ന് തിരിച്ചറിയാതെ തട്ടിപ്പുകാരുടെ വലയില്‍ ഇരകള്‍ വീഴുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 കേസുകളിലും ആരും പണം നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

സിറ്റി ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇത്തരത്തില്‍ വീടു വീടാനന്തരം കയറി പരിശോധന നടത്തുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സാധാരണയായി അപ്പോയിന്റ്‌മെന്റ് വഴിയോ അടിയന്തര സാഹചര്യങ്ങളിലോ മാത്രമാണ് വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുകയെന്ന് പോലീസ് വ്യക്തമാക്കി.