ആല്‍ബെര്‍ട്ടയിലെ ലെഡൂക്കിൽ കൂഗറിനെ കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Aug 23, 2023, 10:42 AM

 


ആല്‍ബെര്‍ട്ടയിലെ ലെഡൂക്കിൽ കൂഗറിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലെഡക് ആര്‍സിഎംപി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ രണ്ടിടങ്ങളിലാണ് കൂഗറിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സ്‌കേറ്റ്പാര്‍ക്കിന് സമീപത്തെ കാട്ടിലാണ് ആദ്യം കൂഗറിനെ കണ്ടത്. പിന്നീട് പുലര്‍ച്ചെ നാലരയോടെ ടെല്‍ഫോഡ് ലേക്കിന് സമീപമുള്ള 50 സ്ട്രീറ്റിലും 57 അവന്യുവിവിലുമാണ് കൂഗറിനെ കണ്ടത്. ഇതോടെ ആര്‍സിഎംപി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. 

കൂഗറിനെ കണ്ടാല്‍ ഓടുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യരുതെന്ന് പോലീസ് അറിയിച്ചു. കൂഗര്‍ കണ്ടില്ലെന്ന് ഉറപ്പാക്കിയാല്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും എടുത്ത് സാവധാനത്തിലും ജാഗ്രതയോടെയും പ്രദേശത്ത് നിന്നും പോകണം. ഇനി ഒരുപക്ഷേ കൂഗര്‍ കണ്ടാല്‍ ഉച്ചത്തില്‍ സംസാരിക്കുകയും കൈവശമുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കൂഗറിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കണം. 

കൂഗര്‍ അല്ലെങ്കില്‍ മറ്റ് വന്യജീവികളെ കാണുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് ആര്‍സിഎംപി അറിയിച്ചു.