ഡെറ്റ്-റിലീഫ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബെറ്റര്‍ ബിസിനസ് ബ്യൂറോ 

By: 600002 On: Aug 23, 2023, 9:58 AM

 


പണപ്പെരുപ്പവും പലിശനിരക്കും കൂടുന്നതോടെ കാനഡയില്‍ പലരും ഡെറ്റ്-റിലീഫ് ബിസിനസ്സുകളിലേക്ക് തിരിയുകയാണ്. എന്നാല്‍ നോര്‍ത്ത് അമേരിക്കയിലുടനീളം ഇത്തരത്തില്‍ ഡെറ്റ്-റിലീഫ് ബിസിനസ്സുകളിലേക്ക് തിരിയുന്നവര്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുകയാണെന്ന് ബെറ്റര്‍ ബിസിനസ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ തട്ടിപ്പിനിരയായ 11,000 ത്തോളം പേരുടെ പരാതികള്‍ ലഭിച്ചതായി ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. ചില ക്രെഡിറ്റ് റിപ്പയര്‍ കമ്പനികള്‍ വഴി തങ്ങള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ നഷ്ടമായെന്നും മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മോശം സ്ഥിതിയിലേക്ക് പോയതായും തട്ടിപ്പിനിരയായവര്‍ പറയുന്നു. 

നിയമാനുസൃതമായ കമ്പനികള്‍ ഈ മേഖലയിലുണ്ട്. എന്നാല്‍ തട്ടിപ്പ് നടത്താനായി ചില കമ്പനികള്‍ രംഗത്തിറങ്ങും. ഇവരെ തിരിച്ചറിഞ്ഞ് ആളുകള്‍ പ്രവര്‍ത്തിക്കണമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ആളുകള്‍ക്ക് കടം വീട്ടാനും നിയമപരമായി ബില്ലുകള്‍ അടയ്ക്കാനും സഹായിക്കുമെന്ന് അറിയിച്ച് നിരവധി വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം മനസ്സിലാക്കി തെറ്റിദ്ധരിപ്പിക്കുന്നു. ഈ അവസരം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നു. ഇത് തിരിച്ചറിഞ്ഞിരിക്കണമെന്നും സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.