വ്യാജ പെര്‍മനന്റ് റെസിഡന്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളുമായി കനേഡിയന്‍ അതിര്‍ത്തിയില്‍ രണ്ട് പേര്‍ പിടിയില്‍ 

By: 600002 On: Aug 23, 2023, 9:26 AM

 

 

വ്യാജ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്ത രണ്ട് പേരെ കനേഡിയന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(CBSA)  അറിയിച്ചു. ഓഗസ്റ്റ് 1 ന് ക്യുബെക്കിലെ സെയിന്റ് തിയോഫിലിക്ക് സമീപമുള്ള ആംസ്‌ട്രോങ് പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തി കടക്കുന്നതില്‍ നിരവധി വ്യാജ രേഖകള്‍ ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയതായി സിബിഎസ്എ റിപ്പോര്‍ട്ട് ചെയ്തു. 

വ്യാജ രേഖകള്‍ കൂടാതെ 10,000 ഡോളറിലധികം മൂല്യമുള്ള കറന്‍സിയും ഇവരുടെ പക്കല്‍ നിന്നും പിടികൂടി. ഇത് പ്രൊസിഡ്‌സ് ഓഫ് ക്രൈം(കള്ളപണം വെളുപ്പിക്കല്‍), ടെററിസ്റ്റ് ഫിനാന്‍ഷ്യല്‍ ആക്ട് എന്നിവയുടെ ലംഘനമാണെന്ന് സിബിഎസ്എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിര്‍ത്തി കടക്കുന്നവര്‍ സിബിഎസ്എ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10,000 കനേഡിയന്‍ ഡോളര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മോണിറ്ററി ഇന്‍സ്ട്രുമെന്റുകളോ ഉണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് സിബിഎസ്എ അറിയിച്ചു.