മെട്രോ വാന്‍കുവറിലെ റെസ്‌റ്റോറന്റില്‍ ഇഷ്ടവിഭവങ്ങള്‍ സെര്‍വ് ചെയ്യാന്‍ സെര്‍വിംഗ് റോബോട്ട്; സമ്മിശ്ര പ്രതികരണം

By: 600002 On: Aug 22, 2023, 1:22 PM

 


റിച്ച്മണ്ടിലെ ഹാവോസ് ലാംബ് റെസ്‌റ്റോറന്റില്‍ ഇഷ്ടവിഭവങ്ങള്‍ വിളമ്പുന്നത് റോബോട്ടുകളാണ്. ഈ മേഖലയില്‍ ആദ്യമായി റോബോട്ടുകളെ അവതരിപ്പിച്ച റെസ്റ്റോറന്റാണിത്. എന്നാല്‍ തുടക്കം മുതലുണ്ടായിരുന്ന ആവേശവും റോബോട്ടുകളോടുള്ള ഇഷ്ടവും ആളുകള്‍ക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. സേര്‍വ് ചെയ്യുന്ന റോബോട്ടുകളോട് ആളുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. റോബോട്ടുകളുടെ ആധിപത്യം മനുഷ്യരുടെ ജോലികളില്‍ കടന്നുകയറ്റവും മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍ ഉപഭോക്താക്കളെ റെസ്‌റ്റോറന്റിലേക്ക് ആകര്‍ഷിക്കാവുന്ന പുതിയ തന്ത്രമാണ് ഈ റോബോട്ട്. മനുഷ്യന്‍ ചെയ്യുന്ന പോലെ കാര്യക്ഷമമായി വൃത്തിയായി ജോലി ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധ്യമല്ലെന്നും ഇത് സൗകര്യപ്രദമല്ലെന്നും റെസ്റ്റോറന്റിലെ ജീവനക്കാര്‍ തന്നെ പറയുന്നു. 

റെസ്റ്റോറന്റില്‍ തിരക്കേറുമ്പോള്‍ റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാവുകയില്ല. മനുഷ്യന്‍ ചെയ്യുന്നത് പോലെ, വേഗതയില്‍ റോബോട്ടിന് ചലിക്കാന്‍ കഴിയുന്നില്ലെന്നത് തിരിച്ചടിയാകുന്നു. മുന്നില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ മനുഷ്യര്‍ക്ക് അത് മറികടന്ന് പോകാന്‍ കഴിയും. എന്നാല്‍ റോബോട്ടുകള്‍ക്ക് മറികടക്കാന്‍ സഹായം വേണ്ടിവരും. ഇതിന് അധികസമയവും വേണ്ടിവരുന്നു. റെസ്‌റ്റോറന്റ് മേഖലയില്‍ റോബോട്ട് കാര്യക്ഷമമല്ലെന്നാണ് ഇവരുടെ അഭിപ്രായം. 

അതേസമയം, ജനപ്രിയ ഹോട്ട്‌പോട്ട് ചെയിനായ HaiDilao റിച്ച്മണ്ട് ലൊക്കേഷനില്‍ സെര്‍വിംഗിനായി റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. തങ്ങള്‍ക്ക് റോബോട്ടുകള്‍ വളരെ ഉപയോഗപ്രദമാണെന്ന് ഫ്രണ്ട് മാനേജര്‍ ജസ്റ്റിന്‍ ഡിങ് പറയുന്നു. ചൂടുള്ള വിഭവങ്ങളടങ്ങിയ പാത്രങ്ങള്‍ ഉപഭോക്താക്കള്‍ക്കായി കൊണ്ടുവരാന്‍ മനുഷ്യരേക്കാള്‍ റോബോട്ടുകളാണ് ഉപകാരപ്രദമാകുന്നതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല, ആളുകള്‍ക്ക് ഇതൊരു പുതിയ അനുഭവമായതിനാല്‍ റെസ്റ്റോറന്റിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.