കാനഡയില്‍ ഓഗസ്റ്റ് 23, 24 തീയതികളില്‍ മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ ബഹിഷ്‌കരിക്കാന്‍ അഡ്വക്കസി ഗ്രൂപ്പിന്റെ ആഹ്വാനം  

By: 600002 On: Aug 22, 2023, 11:37 AM

 


പ്രാദേശിക വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തലാക്കിയ മെറ്റയുടെ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 23, 24 തീയതികളില്‍ മെറ്റയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ കനേഡിയന്‍ ജനതയോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഫ്രണ്ട്‌സ് ഓഫ് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് ഗ്രൂപ്പ് എന്ന അഡ്വക്കസി ഗ്രൂപ്പ്. ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഗ്രൂപ്പ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനഡയിലുള്ളവര്‍ മെറ്റയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് കാണിക്കാനാണ് ഈ പ്രതിഷേധ പരിപാടിയെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. 

മെറ്റ വാര്‍ത്താ ഉള്ളടക്കങ്ങള്‍ നല്‍കിയില്ലെങ്കില്‍ മെറ്റയെ ജനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കാണിക്കുന്നതിന്റെ സൂചനയാണിതെന്ന് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാര്‍ല ബോള്‍ട്ട്മാന്‍ പറഞ്ഞു. ഉപയോക്താക്കളാണ് മെറ്റയുടെ കരുത്ത്. മെറ്റ ഉപയോക്താക്കള്‍ ബഹിഷ്‌കരിക്കുന്നതോടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രൂപ്പ് പറയുന്നു.