ഒന്റാരിയോയില്‍ പോര്‍ട്ടബിള്‍ വാക്വം ക്ലീനറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബോള്‍ട്ടണിലെ ലിന ടെനാഗ്ലിയ എന്ന യുവതിയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. പോര്‍ട്ടബിള്‍ ഡൈസണ്‍ വാക്വം ക്ലീനറില്‍ ആമസോണില്‍ നിന്നും വാങ്ങിയ ബാറ്ററി മാറ്റിസ്ഥാപിച്ചിരുന്നു. ഇത് ലോണ്‍ട്രി റൂമിലായിരുന്നു വെച്ചത്. ഇതാണ് പൊട്ടിത്തെറിച്ചതെന്ന് ടെനാഗ്ലിയ പറഞ്ഞു. പൊട്ടിത്തെറി ശബ്ദം കേട്ട് മുറിയിലെത്തിയപ്പോള്‍ വാക്വം ക്ലീനറിന് തീപിടിച്ചതാണ് കണ്ടത്. ഉടന്‍ തന്നെ വാക്വം ക്ലീനര്‍ വീടിന് പുറത്തേക്ക് എറിഞ്ഞു. എന്നാല്‍ മുറിയില്‍ അപ്പോഴേക്കും തീ പടര്‍ന്നതായി അവര്‍ പറഞ്ഞു. വീടിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെനാഗ്ലിയ മകള്‍ മൗറിന്റെ വീട്ടിലേക്ക് താമസം മാറി.
വൈദ്യുത തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഫയര്‍ ഇന്‍വെസ്റ്റിഗേറ്റേസ് റിപ്പോര്‍ട്ട് ചെയ്തു. വാക്വം ക്ലീനറില്‍ ആമസോണ്‍ വഴി വാങ്ങിയ തേര്‍ഡ് പാര്‍ട്ടി റീചാര്‍ജബിള്‍ ബാറ്ററിയാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ടെനാഗ്ലിയ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ അപകടമുണ്ടായ ആറിലധികം കേസുകള്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഫയര്‍ ഇന്‍വെസ്റ്റിഗേറ്റേസ് പറയുന്നു.