കാട്ടുതീ മൂലം പ്രവിശ്യ നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പ്രതിസന്ധികളും സംബന്ധിച്ച വാര്‍ത്തകള്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അറിയിപ്പുകള്‍ നല്‍കുന്നതിനും അനുവദിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി. കനേഡിയന്‍ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും സംവിധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നേരിട്ട് അപേക്ഷ നല്‍കി. ഫെഡറല്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തിനൊടുവിലാണ് മെറ്റ പ്രാദേശിക വാര്‍ത്തകളും ഉള്ളടക്കങ്ങളും കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുന്നത് നിര്‍ത്തലാക്കിയത്. എന്നാല്‍ രാജ്യത്ത് കാട്ടുതീ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മെറ്റ വാര്‍ത്താ നിരോധനം പിന്‍വലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇത് രാഷ്ട്രീയം പറയാനുള്ള സമയമല്ല, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാനുള്ള സമയമാണിത്. പ്രാദേശിക മാധ്യമങ്ങളുടെ പിന്‍ബലത്തില്‍, ബീസിയില്‍ താമസിക്കുന്നവര്‍ക്ക് അറിയേണ്ട കാര്യങ്ങളും പ്രാദേശിക കമ്മ്യൂണിറ്റികളില്‍ എന്താണ് സംഭവിക്കുന്നതെന്നത് സംബന്ധിച്ച് ആശയവിനിമയം നടത്താനും പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കണം. അദ്ദേഹം പറഞ്ഞു. പ്രാദേശിക വാര്‍ത്തകളെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ നിരോധിക്കാനുള്ള മെറ്റയുടെ തീരുമാനം നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാട്ടുതീയില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് നിലവിലിലെ അവസ്ഥയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതിന് നിരോധം തടസ്സമാകുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.