സതേണ്‍ കാലിഫോര്‍ണിയയില്‍ 84 വര്‍ഷത്തിനിടെ ആദ്യമായി വീശിയടിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിലാരി കാനഡയെയും ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാനഡയുടെ പടിഞ്ഞാറന്‍ മേഖലയെ കൂടുതലായി ബാധിക്കുമെന്നും കൊടുങ്കാറ്റിന്റെ ആഘാതം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അനുഭവപ്പെടുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ഹിലാരി കൊടുങ്കാറ്റ് വടക്ക് ഭാഗത്തേക്ക് നീങ്ങുകയും സതേണ്‍ ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവന്റെ ചില ഭാഗങ്ങളിലും സെന്‍ട്രല്‍ മാനിറ്റോബയിലും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും.
ബീസിയുടെ തീരങ്ങളില്‍ ചെറിയ മഴയ്ക്കും സതേണ്‍ ആല്‍ബെര്‍ട്ടയില്‍ റെഡ്ഡീര്‍ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. കാട്ടുതീ പുക മൂടിയ കാംലൂപ്‌സ്, കെലോന എന്നിവടങ്ങളില്‍ ചെറിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞായറാഴ്ചയാണ് ഹിലാരി കൊടുങ്കാറ്റ് സതേണ്‍ കാലിഫോര്‍ണിയയില്‍ പ്രവേശിച്ചത്. ലക്ഷകണക്കിന് ആളുകള്‍ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ബജ കാലിഫോര്‍ണിയ പെനിന്‍സുലയില്‍ ഒരാള്‍ മുങ്ങിമരിച്ചിട്ടുണ്ട്.