ബിഎ.2.86: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; പുതിയ വകഭേദത്തെക്കുറിച്ച് നിരീക്ഷിച്ച് വരികയാണെന്ന് ഹെല്‍ത്ത് കാനഡ: 

By: 600002 On: Aug 22, 2023, 9:38 AM

 


ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ബിഎ.2.86 നിരവധി രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. നിരീക്ഷണത്തിലുള്ള വേരിയന്റുകളുടെ പട്ടികയില്‍ ബിഎ.2.86 നെ ലോകാരോഗ്യ സംഘടന ചേര്‍ത്തതിന് പിന്നാലെയാണ് ഹെല്‍ത്ത് കാനഡയുടെ അറിയിപ്പ്. കാനഡയില്‍ നിലവില്‍ ബിഎ.2.86 കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉയര്‍ന്നു വരുന്ന മറ്റ് കേസുകള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണെന്ന് ഹെല്‍ത്ത് കാനഡ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

നാഷണല്‍, ഇന്റര്‍നാഷണല്‍ എക്‌സ്‌പേര്‍ട്ടുകള്‍ക്കൊപ്പം പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ  സയന്റിസ്റ്റുകള്‍ ബിഎ.286 ന്റെ വംശപരമ്പരകളും അനുബന്ധ പഠനങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തകയും ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി. 

ഓപ്പണ്‍ ഗ്ലോബല്‍ ജീനോം സീക്വന്‍സിംഗ് ഡാറ്റാബേസ്(GISAID)  പ്രകാരം ജൂലൈ അവസാനം മുതല്‍ ഡെന്മാര്‍ക്ക്, ഇസ്രയേല്‍, യുഎസ് എന്നിവടങ്ങളില്‍ പുതിയ വേരിയന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എപ്പിഡെമോളജിസ്റ്റുകളും സാംക്രമിക രോഗ വിദഗ്ധരും അഭിപ്രായപ്പെടുന്നു.