കാട്ടുതീ: നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസില്‍ 68 ശതമാനം ആളുകളെ കുടിയൊഴിപ്പിച്ചു; 350  ഓളം സായുധ സേനാംഗങ്ങളെ വിന്യസിച്ചു 

By: 600002 On: Aug 22, 2023, 9:17 AM

 

നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസില്‍ നിയന്ത്രണാതീതമായി തുടരുന്ന കാട്ടുതീയെ തുടര്‍ന്ന് നിരവധി കമ്മ്യൂണിറ്റികളാണ് ഒഴിപ്പിച്ചത്. നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസില്‍ 68 ശതമാനം താമസക്കാരും പാലായനം ചെയ്തു. കാട്ടുതീയെ പ്രതിരോധിക്കാനായി ഏകദേശം 350 ഓളം കനേഡിയന്‍ സായുധ സേനാംഗങ്ങളെ വിന്യസിച്ചതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. യെല്ലോനൈഫിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് ഹെലികോപ്റ്ററുകളും ഹെവി എക്വിപ്‌മെന്റുകളും കാട്ടുതീ പ്രതിരോധത്തിനായി അയച്ചിട്ടുണ്ട്. നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസില്‍ 238 ഓളം കാട്ടുതീകളാണ് സജീവമായി കത്തിപ്പടരുന്നത്. സായുധ സേനാംഗങ്ങളുള്‍പ്പെടെ നിലവില്‍ 600 ഓളം അഗ്നിശമന സേനാംഗങ്ങളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്. 

തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താമസക്കാരോട് വീടുകളില്‍ നിന്ന് ഒഴിയാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ തോതില്‍ മഴ ലഭിച്ചുവെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ടെറിട്ടറിയുടെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനിലെ
ജെന്നിഫര്‍ യംഗ് പറഞ്ഞു.