വാഷിംഗ്ടണിലെ റെസ്‌റ്റോറന്റില്‍ നിന്നും ലിസ്റ്റീരിയ കലര്‍ന്ന മില്‍ക്ക്‌ഷെയ്ക്ക് കുടിച്ച മൂന്ന് പേര്‍ മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍ 

By: 600002 On: Aug 21, 2023, 11:28 AM

 

വാഷിംഗ്ടണിലെ റെസ്‌റ്റോറന്റില്‍ നിന്നും ലിസ്റ്റീരിയ കലര്‍ന്ന മില്‍ക്ക് ഷേക്ക് കുടിച്ച് മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേരെ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ഹെല്‍ത്ത് ഒഫിഷ്യല്‍സ് അറിയിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ടകോമയിലെ ഫ്രുഗല്‍സ് റെസ്റ്റോറന്റില്‍ ശരിയായി വൃത്തിയാക്കാത്ത ഐസ്‌ക്രീം മെഷിനുകളില്‍ നിന്നാണ് ലിസ്റ്റീരിയ ബാധ ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലിസ്റ്റീരിയ അടങ്ങിയ ഐസ്‌ക്രീം കഴിച്ച് 70 ദിവസം വരെ ആളുകളെ അണുബാധ ബാധിച്ചേക്കാം. ഓഗസ്റ്റ് 7 വരെ മെഷീനുകള്‍ റെസ്‌റ്റോറന്റില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഫെബ്രുവരി 27 നും ജൂലൈ 22 നും ഇടയില്‍ ആറ് പേരെയാണ് ലിസ്റ്റീരിയ ബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മില്‍ക്ക്‌ഷെയ്ക്കിനുള്ളിലാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്. ഇവരില്‍ മൂന്ന് പേര്‍ മരിച്ചു. ടകോമയിലെ ഫ്രുഗല്‍സില്‍ നിന്ന് മില്‍ക്ക്‌ഷെയ്ക്ക് കുടിച്ചിരുന്നതായി അണുബാധയേറ്റ മറ്റ് മൂന്ന് പേര്‍ പറഞ്ഞു.  

മറ്റ് ഫ്രുഗല്‍സ് റെസ്റ്റോറന്റുകളിലൊന്നും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മെയ് 29 നും ഓഗസ്റ്റ് 7 നും ഇടയില്‍ ഫ്രുഗല്‍സ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവരോ ലിസ്റ്റീരിയയുടെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുന്നവര്‍ ഡോക്ടറെ സമീപിക്കേണ്ടതാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു.