നോവ സ്‌കോഷ്യയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ രേഖപ്പെടുത്തിയത് ജൂലൈ മാസത്തിലാണെന്ന് റിപ്പോര്‍ട്ട്. എല്ലാ ഇടിമിന്നലുകളും ഉണ്ടായിരിക്കുന്നത് ഒരേ കാലാവസ്ഥാ സാഹചര്യത്തിലാണെന്നും എണ്‍വയോണ്‍മെന്റ് കാനഡ പുറത്തുവിട്ട കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. 26,194 ഇടിമിന്നലുകളാണ് ജൂലൈയില്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത്. ജൂലൈ 21 നും 22 നും ഇടയില്‍ 23,008 ലൈറ്റനിംഗ് സ്‌ട്രൈക്കുകളാണ് ഉണ്ടായത്. ആ കാലയളവില്‍ പ്രവിശ്യ കൊടുങ്കാറ്റ്, റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം എന്നിവ നേരിട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും ചെയ്തു.
ജൂലൈയില്‍ സാധാരണ ശരാശരി 7,172 ലൈറ്റനിംഗ് സ്‌ട്രൈക്കുകളാണ് ഉണ്ടാകാറുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ഷ്യല്‍ എണ്‍വയോണ്‍മെന്റ് കാനഡ സ്റ്റാറ്റിസ്റ്റിക്‌സ് കാണിക്കുന്നത്, ഓഗസ്റ്റ് 1 മുതല്‍ 14 വരെ 10,837 ഇടിമിന്നലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഇടിമിന്നലുകളില്‍ പ്രവിശ്യയിലുണ്ടായ വര്‍ധനവ് നിരീക്ഷിക്കുന്നുണ്ടെന്ന് നോവ സ്‌കോഷ്യ പവര്‍ വക്താവും പറയുന്നു.
പ്രവിശ്യയില്‍ ഈ വര്‍ഷം ഇടിമിന്നല്‍ സീസണില്‍ വളരെ സജീവമാണെങ്കിലും വര്‍ധിക്കുന്ന പ്രവണതയാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.