കാനഡയില്‍ വീണ്ടും കോവിഡ്-19 തരംഗം ആരംഭിക്കുമെന്ന് പ്രാരംഭ സൂചനകള്‍; ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം 

By: 600002 On: Aug 21, 2023, 9:18 AM

 

 

കാനഡയില്‍ കോവിഡ് തരംഗം ആരംഭിക്കുന്നതായി നേരത്തെ സൂചനകളുണ്ട്. കേസുകളുടെ എണ്ണം നേരിയ തോതില്‍ വര്‍ധിക്കുന്നതിനാല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിച്ച് ആളുകള്‍ ആരോഗ്യ സുരക്ഷ നേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ഏറ്റക്കുറച്ചിലുകള്‍ രോഗബാധ വര്‍ധിക്കുന്നതിന്റെ സൂചനയായിരിക്കുമെന്ന് കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചിരുന്നു. പോസിറ്റീവായി വരുന്ന കോവിഡ് ടെസ്റ്റുകളുടെ ശതമാനം സ്പ്രിംഗ് സീസണ്‍ മുതല്‍ ക്രമേണ കുറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം വീണ്ടും ഉയര്‍ന്നു തുടങ്ങി. സമീപകാലത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനം വരെയെത്തി. 

ഓഗസ്റ്റ് 15 ഓടെ കോവിഡ് രോഗബാധയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 11 ശതമാനമായി ഉയര്‍ന്നെന്നാണ് കണക്കുകള്‍. 

ഫാള്‍ സീസണില്‍ കാനഡയിലെ ജനങ്ങളുടെ പ്രതിരോധ ശേഷിയെ ആശ്രയിച്ചായിരിക്കും കോവിഡ് തരംഗത്തിന്റെ തീവ്രതയെന്ന് വിദഗ്ധര്‍ പറയുന്നു. കാനഡയിലോ യുഎസിലോ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഫാള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ അംഗീകരിക്കാനുള്ള സമയമാണിതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.