കാനഡയിലെ ഓണാഘോഷത്തിന് വേദിയാകാനൊരുങ്ങി കനേഡിയൻ പാർലിമെന്റും

By: 600007 On: Aug 21, 2023, 6:58 AM

ഓട്ടവ:  ഇൻഡോ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൽച്ചറിന്റെ ആഭിമുഖ്യത്തിൽ കനേഡിയൻ പാർലമെന്റിൽ രണ്ടാം തവണയും ഓണാഘോഷം നടത്തുന്നു.  2023 സെപ്റ്റംബർ 20 ബുധനാഴ്ച വൈകിട്ട് 5:30 മുതൽ 8:00 മണിവരെ ഓട്ടവയിലെ പാർലമെന്റ് മന്ദിരത്തോടുചേർന്നുള്ള സർ ജോൺ എ. മക്ഡോണൾഡ് ബിൽഡിങ്ങിൽ വെച്ചാണ് ഓണാഘോഷം നടത്തുന്നത്. ഏകദേശം നാലര ലക്ഷത്തിലധികമുള്ള കനേഡിയൻ മലയാളികളുടെ പ്രാധാന്യത്തേയും ഐക്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈ ആഘോഷ പരിപാടികൾ. മൈക്കിൾ ബാരറ്റ് എം.പിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ഓണാഘോഷത്തിൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിൽ നിന്നുള്ള നേതാക്കന്മാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം അറുനൂറോളം അതിഥികളെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടിയിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്. 

ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാനായി ഓണസദ്യയ്ക്ക് പുറമെ മാവേലി, ചെണ്ടമേളം എന്നിവയ്ക്ക് പുറമെ  വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കനേഡിയൻ മലയാളി സമൂഹത്തിലെ പ്രമുഖരായ  ബിജു ജോർജ്, റാം മതിലകത്ത്, സതീഷ് ഗോപാലൻ, പ്രവീൺ വർക്കി, രേഖ സുധീഷ്, ടോമി കൊക്കാട്ട്  എന്നിവരാണ് ഓണാഘോഷ ഓർഗനൈസിംഗ് കമ്മിറ്റി മെമ്പേഴ്‌സ്. കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള ഏകദേശം അറുപതോളം മലയാളി അസോസിയേഷനുകൾ ഈ പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. കാനഡയിലുള്ള എല്ലാ കലാ സാംസ്‌കാരിക സാംസ്‌കാരിക സംഘടനകളെയും, മലയാളികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ഭാഗമാകാൻ താല്പര്യമുള്ള സംഘടനകൾ ഔട്ട്റീച്ച് കോഡിനേറ്റർ പ്രവീൺ വർക്കിയെ 647-854-0358 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓണാഘോഷ പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനും റോയൽ ഓട്ടവ ഹോസ്പിറ്റലിനും നൽകുമെന്ന് സംഘാടകർ അറിയിച്ചു.  

പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂറായി പേര്, ഇമെയിൽ അഡ്രസ്, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി  onamatp @gmail.com എന്ന ഇമെയിലിൽ അയക്കേണ്ടതാണ്. കൂടാതെ ഓണാഘോഷത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കുമായി https://nationalonamcanada.ca/ എന്ന ലിങ്ക് സന്ദർശിക്കുകയോ അല്ലെങ്കിൽ ബിജു ജോർജ് 613-761-3219, റാം മതിലകത്ത് 613-263-4776 എന്നിവരേയോ ബന്ധപ്പെടാവുന്നതാണ്.