വൈദ്യുതി പ്രതിസന്ധി; ഉന്നത തലയോഗം ഇന്ന്

By: 600021 On: Aug 20, 2023, 8:09 PM

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്നതുൾപ്പെടെ വിഷയങ്ങൾ യോഗം ചർച്ച ചെയ്തേക്കും. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർദ്ധനയടക്കം വേണ്ടി വന്നേക്കാമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനങ്ങൾ ഉണ്ടായേക്കില്ല എന്നാണ്  പ്രതീക്ഷ. മഴ കാര്യമായി കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് കെ എസ് ഇ ബി ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദമാക്കിയിരുന്നു. ഇതുവഴി പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.