കുളത്തൂപ്പുഴയിൽ നിർമ്മാണം പൂർത്തിയായ ഫോറസ്റ്റ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു

By: 600021 On: Aug 20, 2023, 7:29 PM

കുളത്തൂപ്പുഴയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫോറസ്റ്റ് മ്യൂസിയത്തിന്റെ ഉദ്ഘാടനം വനം മന്ത്രി എ കെ ശശീന്ദ്രൻ നിര്‍വ്വഹിച്ചു. വന വൈവിധ്യങ്ങളുടെ മാതൃകകള്‍, വന്യജീവി ശില്‍പങ്ങള്‍, ഗോത്ര പൈതൃകങ്ങള്‍ തുടങ്ങി കാടനുഭൂതികള്‍ പകരുന്ന ആധുനിക പ്രകാശ ശബ്ദ സന്നിവേശങ്ങളെ സമന്വയിപ്പിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിയും സംസ്‌കാരവും ജൈവവൈവിധ്യവും സംബന്ധിച്ച അറിവ് പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുകയാണ് മ്യൂസിയത്തിന്റെ പ്രധാന ഉദ്ദേശ്യം. ഗവേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് ഭൂപ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലാണ് 9.85 കോടി രൂപ ചെലവിട്ട് മ്യൂസിയം സ്ഥാപിച്ചത്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ട്രെയിനിംഗ് ഹാള്‍, ടിംബര്‍ മ്യൂസിയം, അഞ്ച് എക്സിബിഷന്‍ ഹാളുകള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിയം കോംപ്ലക്സ്, ട്രൈബല്‍ ഹട്ടുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റൂം, കുട്ടികളുടെ കളിസ്ഥലം, ലഘുഭക്ഷണശാല, ഇക്കോഷോപ്പ്, അതിഥി മന്ദിരം എന്നിവ ഉൾപ്പെടുന്നതാണ് മ്യൂസിയത്തിൻ്റെ ഘടന.