കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സന്ദർശനങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ (B.C) അടിയന്തര അധികാരം ഉപയോഗപ്പെടുത്തുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഗ്നിശമന സേനാംഗങ്ങൾക്കും മതിയായ താത്ക്കാലിക താമസസൗകര്യം ഉറപ്പാക്കാനുള്ള ഉത്തരവ് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചു. ഒകനാഗൻ മേഖലയ്ക്ക് ബാധകമായ ഉത്തരവ്, കെലോന, കംലൂപ്‌സ്, ഒലിവർ, ഒസോയോസ്, പെന്റിക്‌ടൺ, വെർനോൺ എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റികളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളെ നിയന്ത്രിക്കുന്നു.
35,000 ആളുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകിക്കഴിഞ്ഞു. 30,000 പേർക്ക് ജാഗ്രതാ നിർദ്ദേശവും ലഭിച്ചു. പ്രവിശ്യയിൽ നിലവിൽ ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അടിയന്തരമായി താമസസൗകര്യം ആവശ്യമുള്ളതിനാൽ ബാധിത പ്രദേശങ്ങളിൽ താൽക്കാലിക താമസത്തിനായി അനിവാര്യമല്ലാത്ത സന്ദർശനങ്ങൾ ഇനി അനുവദിക്കില്ലെന്ന് എമർജൻസി മാനേജ്‌മെന്റ് ആൻഡ് ക്ലൈമറ്റ് റെഡിനസ് മന്ത്രി ബോവിൻ മാ ഊന്നിപ്പറഞ്ഞു.