ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് റഷ്യയുടെ ചാന്ദ്രപേടകമായ 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ തിങ്കളാഴ്ച സോഫ്റ്റ് ലാന്‍ഡിങ് ലക്ഷ്യമിട്ടിരുന്നെങ്കിലും നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്താൻ കഴിഞ്ഞില്ലായിരുന്നു. ഇതിന് പിന്നാലെയാണ് പേടകം ചന്ദ്രന്റെ ഉപരിതലത്തിലിടിച്ച് തകര്‍ന്നത്. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ന് ശേഷം വിക്ഷേപിച്ച ലൂണ-25 കഴിഞ്ഞ 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു.