ഉയർന്ന ജീവിതച്ചെലവും, മോശം ജീവിത സാഹചര്യങ്ങളും കൊണ്ട് കാനഡയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, കാനഡ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ ലക്ഷ്യങ്ങളും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള പദ്ധതികളും വീണ്ടും അവലോകനം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇമിഗ്രേഷൻ നമ്പർ വെട്ടിക്കുറയ്ക്കാൻ തത്ക്കാലം സർക്കാരിന് പദ്ധതിയൊന്നുമില്ലെന്നും എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റുകൾ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പ്രോഗ്രാമിലെ മാറ്റങ്ങൾ എങ്ങനെയായിരിക്കണം, ചൂഷണത്തിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി അന്തർദ്ദേശീയ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്നവരിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം മതിയാകുമോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കാനഡയിലെ നിലവിലെ ഗണ്യമായ തൊഴിലാളി ക്ഷാമം പരിഹിരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് പഠനത്തോടൊപ്പം ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ. എന്നാൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന് പരിധി വേണമെന്നും ഗാർഹിക വിദ്യാർത്ഥികൾ നൽകുന്ന ഫീസിന്റെ 10 മടങ്ങിലധികം വരെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ അടയ്ക്കണമെന്നുള്ളത് വളരെ കൂടുതലാണെന്നും മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (MYSO) പ്രസിഡന്റ് വരുൺ ഖന്ന മാധ്യമങ്ങളോട് പറഞ്ഞു. ഫീസ് അടക്കാനും വാടക നൽകാനുമായി വിദ്യാർത്ഥികൾ വലയുകയാണെന്ന് ഖന്ന പറഞ്ഞു. പല വിദ്യാർത്ഥികളും ആഴ്ചയിൽ 20 മണിക്കൂർ എന്നതിനപ്പുറം ചൂഷണങ്ങൾ നേരിട്ടുകൊണ്ട് മിനിമം വേതനത്തിന് താഴെയുള്ള ക്യാഷ് ജോബുകൾ ചെയ്യുന്നുണ്ട് .
കാനഡയിൽ എത്തിക്കഴിഞ്ഞാൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പിന്തുണ വളരെ പരിമിതമാണ്. മിക്കവാറും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏക മാർഗ്ഗനിർദ്ദേശം ഇന്ത്യയിലെ അല്ലെങ്കിൽ അവരുടെ രാജ്യത്തുള്ള ഇമിഗ്രേഷൻ കൺസൾട്ടന്റുകൾ നൽകുന്ന പരിമിതമായ വിവരങ്ങളാണ്. പുതിയ രാജ്യത്ത് ജീവിതം നയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുവാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന തരത്തിൽ വിദ്യാർത്ഥികൾക്കായിനിർബന്ധിത ഓറിയന്റേഷൻ നൽകണമെന്നും വിദ്യാർത്ഥികളുടെ മറ്റൊരു പ്രധാന പ്രശ്നമായ പാർപ്പിട പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്നും ഈ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വകലാശാലകളുമായും കോളേജുകളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചന നടത്തിവരികയാണെന്നും മൾട്ടി-ഇയർ ലെവൽ പ്ലാനിലൂടെ പെർമനന്റ് റെസിഡൻസി പ്രോഗ്രാമുകൾക്ക് ചെയ്യുന്ന രീതിയിൽ പഠന പെർമിറ്റുകൾക്കായി നിലവിൽ ഐആർസിസി ലെവലുകൾ/ക്യാപ്പുകൾ സ്ഥാപിക്കുന്നില്ലെന്നും ഐആർസിസി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.