വെസ്റ്റേണ്‍ കാനഡയില്‍ പടരുന്ന കാട്ടുതീയെക്കുറിച്ചുള്ള ആശങ്കയും വാര്‍ത്തകളും പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഏറെ ഫലപ്രദമാണ്. എന്നാല്‍ കാനഡയില്‍ പുതിയ വാര്‍ത്താ ഉള്ളടക്ക നിയമത്തെ തുടര്‍ന്ന് പ്രാദേശിക വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മെറ്റ അവസാനിപ്പിച്ചതോടെ കാട്ടുതീ സംബന്ധിച്ച വിവരങ്ങളും വാര്‍ത്തകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാന്‍ നിലവില്‍ അധികൃതര്‍ പ്രയാസപ്പെടുകയാണ്. ഇതേതുടര്‍ന്ന്, വെസ്റ്റേണ്‍ കാനഡയില്‍ കത്തിപ്പടരുന്ന കാട്ടുതീയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയിപ്പുകളും ജാഗ്രതാ മുന്നറിയിപ്പുകളും മറ്റ് വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നതിന് മെറ്റ പ്രാദേശിക വാര്‍ത്താ ഉള്ളടക്കങ്ങള്‍ നിരോധിക്കുന്ന നയം പിന്‍വലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കണമെന്ന കാനഡയുടെ പുതിയ നിയമത്തിന് പിന്നാലെ രാജ്യത്തെ എല്ലാ ഉപയോക്താക്കള്‍ക്കും മെറ്റ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നത് ബ്ലോക്ക് ചെയ്തിരുന്നു.
റിമോട്ട് നോര്‍ത്തേണ്‍ ടൗണായ യെല്ലോനൈഫില്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെടുന്ന ആളുകള്‍ തീപിടുത്തത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് നിരോധനം തടസ്സപ്പെടുത്തിയതായി പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. വാര്‍ത്തകള്‍ തടയാനുള്ള മെറ്റയുടെ ഈ തീരുമാനം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യുന്ന സുപ്രധാന വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഹെറിറ്റേജ് മിനിസ്റ്റര്‍ പാസ്‌കെല്‍ സെന്റ്-ഓംഗെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥ നേരിടുന്ന കനേഡിയന്‍ ജനതയുടെ സുരക്ഷയ്ക്കായി ന്യൂസ് ഷെയറിംഗ് പുന:സ്ഥാപിക്കാന്‍ മെറ്റയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് മിനിസ്റ്റര്‍ പറഞ്ഞു. തങ്ങള്‍ക്ക് കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ലഭിക്കേണ്ടതും ജനങ്ങളിലേക്കെത്തിക്കേണ്ടതും അത്യാവശ്യമാണ്.
അതേസമയം, പ്രകൃതി ദുരന്തത്തിന്റെയോ പ്രതിസന്ധിയുടെയോ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതരാണെന്ന് പ്രചരിപ്പിക്കാനായി 'സേഫ്റ്റി ചെക്ക്' ഫീച്ചര്‍ ഫെയ്‌സ്ബുക്കില്‍ സജീവമാക്കിയതായി മെറ്റ വക്താവ് പ്രതികരിച്ചു. ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സികള്‍, എമര്‍ജന്‍സി സര്‍വീസുകള്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.